പള്ളിക്കുറുപ്പ്‌ മഹാവിഷ്ണു ക്ഷേത്രം

 
പള്ളിക്കുറുപ്പ്‌ മഹാവിഷ്ണു ക്ഷേത്രം
പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ പള്ളിക്കുറുപ്പ്‌ എന്ന ഗ്രാമത്തിലാണ് ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്.
വനവാസ കാലത്തു ഭഗവാൻ ശ്രീരാമൻ ഇവിടെ പള്ളിക്കുറുപ്പ് ‌ കൊണ്ടതിനാൽ ആണ് ഈ സ്ഥലത്തിന് പള്ളിക്കുറുപ്പ്‌ എന്ന് പേര് വന്നത് എന്ന് ഐതിഹ്യം പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‌ പഴമയുടെ ഭംഗിയും, വാസ്തുവിദ്യയുടെ മേന്മയും ആവോളമുണ്ട്‌ . ഇവിടെ പ്രധാന പ്രതിഷ്ഠയായി പടിഞ്ഞാറോട്ട്‌ മുഖമായി മഹാവിഷ്ണുവും, ചുറ്റമ്പലത്തിന്റെ തെക്ക് ഭാഗത്തു വട്ട ശ്രീ കോവിലിൽ പ്രതിഷ്ഠിച്ച നരസിംഹ മൂർത്തിയും തുല്യ പ്രാധാന്യത്തോടെ സ്ഥിതി ചെയ്യുന്നു . വേട്ടക്കാരൻ, അയ്യപ്പൻ, നാഗങ്ങൾ, ഗണപതി, എന്നി ഉപദേവന്മാരും ഉണ്ട്. ഐതിഹ്യ പ്രകാരം പറയുന്നത്, ആദ്യ പ്രതിഷ്ഠ മുഹൂർത്ത സമയത്തു മയിലിന്റെ സാന്നിധ്യം ഉണ്ടാവും എന്നായിരുന്നു ജോൽസ്യ പ്രവചനം, പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയാക്കി മയിലിന്റെ വരവ് പ്രതീക്ഷിക്കുന്ന സമയത്തു ഒരു സന്യാസി കയ്യിൽ മയിൽ പീലി കെട്ടുമായി എത്തിച്ചേരുകയും മയിലിനു പകരം മയിൽ പീലി കെട്ടു വന്നത് നല്ല ലക്ഷണമായി കരുതി തന്ത്രിമാർ പടിഞ്ഞാട്ടു മുഖമായി മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ആദ്യത്തെ പ്രതിഷ്ഠയുടെ തെക്കുഭാഗത്തു മയിൽ വട്ടം ചുറ്റി പറക്കുകയും ചെയ്തു. ആ സമയം തന്ത്രിമാർ നരസിംഹ ഭാവത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. അതാണ് ഇന്നു കാണുന്ന തെക്കൻ തേവർ എന്ന മൂർത്തി. നരസിംഹ മൂർത്തിയുടെ രൗദ്രം ശമിപ്പിക്കാൻ വേണ്ടി ആണ് പ്രതിഷ്ഠക്കു നേരെ എതിരായി പടിഞ്ഞാറു ഭാഗത്തു കിഴക്കോട്ടു മുഖമായി അയ്യപ്പ സ്വാമിയേ പ്രതിഷ്ഠിച്ചത്. വെയിലും, മഴയും കൊള്ളുന്ന രീതിയിലാണ് പൂർണ്ണ, പുഷ്കല ദമ്പതി സമേതം അയ്യപ്പൻറെ പ്ലാവ് മരത്തിന്റെ ചുവട്ടിൽ ഉള്ള പ്രതിഷ്ഠ. ഗണപതി, നാഗങ്ങൾ കൂടി ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ പ്ലാവ് പടർന്നു പന്തലിച്ചു ഇപ്പോഴും കാണാം.
ശ്രീരാമൻ പള്ളിക്കുറുപ്പ്‌ കൊണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തു പടിഞ്ഞാറു മുഖമായി ഒരു പ്രതിഷ്ഠ ഉണ്ട്. അതാണ് അനന്തശയനം. ഇളയേടത്ത്‌ മന ശങ്കര നാരായണൻ നമ്പൂതിരിയാണ്‌ ക്ഷേത്ര മേൽശാന്തി . അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാടാണ്‌ തന്ത്രി. ക്ഷേത്ര ഊരാളൻ ഒളപ്പമണ്ണ മനക്കാർ ആണ്‌.
വാസ്തുവിദ്യയുടെ മേന്മ ആവോളം ഉള്ള ഈ ക്ഷേത്രത്തിലെ പുരാതനമായ ചുമരിൽ വരച്ച അനന്തശയനം ചുമർ ചിത്രം ഇപ്പോഴും കാണാം. മരത്തിൽ കൊത്തിയ ദശാവതാര രൂപങ്ങൾ പ്രധാന അമ്പലത്തിലെ മുഖ മണ്ഡപത്തിൽ കാണാം. ആനകൊട്ടിലും ,ഗോപുരവും, വട്ട ശ്രീകോവിലും, പഴമയുടെ മാറ്റുക്കുറയാത്ത ചുറ്റമ്പലവും, നൂറ്റാണ്ടുകൾ പഴക്കമുള്ള പത്തായപ്പുരകളും, ഊട്ടുപുരയും, പടിപ്പുരകളും , ക്ഷേത്രത്തിന്റെ ഭംഗി എടുത്തു കാട്ടുന്നു. പള്ളിക്കുറുപ്പ്‌ ക്ഷേത്രത്തിനു മുന്നിലായി കുളപ്പുരയോട്‌ കൂടിയ മനോഹരമായ വലിയ ഒരു ക്ഷേത്ര കുളവും കാണാം നമുക്ക്. രണ്ട്‌ കൊടിമരങ്ങൾ ഈ അമ്പലത്തിലെ ഒരു പ്രത്യേകതയാണ്‌.അതിന്‌ പിന്നിൽ ഒരു കഥയും ഉണ്ട്.മഹാവിഷ്ണുവിന് കൊടിമരം നിർമ്മിക്കാൻ മുറിച്ച തേക്ക് 50വർഷം പൂർത്തിയാക്കാൻ കഴിയാതെ കിടന്നു. ഒടുവിൽ ദേവ പ്രശ്നം വച്ച്‌ നോക്കിയപ്പോൾ നരസിംഹ മൂർത്തിക്കും, മഹാവിഷ്ണുവിനും തുല്യം പ്രാധന്യമുള്ള കാരണം 2കൊടിമരം വേണം എന്ന് കണ്ടൂ.അതിൻപ്രകാരം 1997ൽ ക്ഷേത്രത്തിൽ 2 ധ്വജപ്രതിഷ്ഠയും, നവീകരണ കലശവും നടത്തി. ഇവിടെ ഉത്സവം രണ്ട് മൂർത്തികൾക്കും ഒപ്പം നടക്കുന്നു.. ധനു മാസത്തിൽ പുണർതം നാളിൽ കൊടിയേറ്റം നടത്തി ഏഴ്‌ ദിനം നീളുന്ന ഉത്സവം നടക്കാറുണ്ട്‌ ഇവിടെ. പണ്ട് 9 ദിവസം ഗംഭീര ഉത്സവം ആയിരുന്നു ഇവിടെ നടന്നിരുന്നത്. ഇടവ മാസത്തിൽ അത്തം നാളിൽ പ്രതിഷ്ഠ ദിനം. മകരത്തിലെ അവസാന ശനി അയ്യപ്പന് താലപ്പൊലി എന്നിവ പ്രധാനം.
ഇവിടുത്തെ പ്രധാന വഴിപാടായി മഹാവിഷ്ണുവിന്‌ പാൽ പായസം , നരസിംഹമൂർത്തിക്ക്‌ പാനകം,കഠിന മധുരം,വേട്ടക്കരന്‌ അപ്പം എന്നിവ ഉദ്ധിഷ്ട കാര്യ സിദ്ധിക്കായി നടത്തുന്നു.തിരുവോണം നാളിൽ കാര്യ സാധ്യ പുഷ്പാഞ്ജലി, ലക്ഷ്മി നാരായണ പൂജ എന്നിവ നടത്തുന്നത്‌ മംഗല്യ യോഗത്തിനും , സന്താന യോഗത്തിനും നല്ലതാണ്‌.
സകല ക്ഷേത്രകലകൾക്കും ഇവിടെ പ്രാധാന്യം നൽകിയിരുന്നു. കലാരംഗത്തെ ഇതിഹാസങ്ങൾ ഇവിടെ നിത്യ അതിഥികൾ ആയിരുന്നു. ചെമ്പൈ ഭാഗവതർ, കഥകളി ആചാര്യൻ പട്ടിക്കാം തൊടി രാവുണ്ണി മേനോൻ, ഗുരു കുഞ്ചു കുറുപ്പ്, കവള പാറ നാരായണൻ നായർ, വെങ്കിട കൃഷ്ണ ഭാഗവതർ, മൂത്തമന നമ്പൂതിരി, വെങ്കിടച്ച സ്വാമി, പൈങ്കുളം രാമചാക്യാർ എന്നീ പ്രമുഖരുടെ നിത്യ അരങ്ങ്‌ തന്നെയായിരുന്നു ഈ ക്ഷേത്രം . ഇവിടുത്തെ കഥകളി പാരമ്പര്യം വളരെ പ്രസിദ്ധമാണ്. ഇതിനെല്ലാം വേണ്ടിയുള്ള വലിയ ഊട്ടുപുര ഇപ്പോഴും നിലനിൽക്കുന്നു. പഴയ പ്രതാപം വിളിച്ചു പറഞ്ഞു കലകൾ അരങ്ങേറുന്ന മതിലകത്തു കൂത്ത് തറ ഇപ്പോഴും ഉണ്ട്.
ഒരു കാലത്ത്‌ 16000 പറ നെല്ല് മിച്ചവാരം പിരിഞ്ഞിരുന്നു . അത്‌ സൂക്ഷിക്കാൻ ഉള്ള പത്തായപ്പുരയും ഇവിടെ ഉണ്ട്‌ . അത്‌ പോലെ ഉത്സവ സമയത്ത്‌ ഊരാളനായ ഒളപ്പമണ്ണ തമ്പുരാന്‌ താമസിക്കാൻ ഉള്ള പത്തായപ്പുരയും പഴമയുടെ പ്രതാപത്തോടെ നിലനിൽക്കുന്നത്‌ അവിടെ ചെന്നാൽ കാണാം. രണ്ട്‌ പത്തായപ്പുരകളും വാസ്തുവിദ്യയുടെ മേന്മ വിളിച്ചോതുന്നവ തന്നെ. റാവു ബഹദൂർ ഒ. എം നാരായണൻ നമ്പൂതിരിപ്പാട്‌ ആണ് ഇന്ന് കാണുന്ന പുതിയ പത്തായ പുര, ഗോപുരങ്ങൾ നിർമ്മിച്ചത്. ഒ. എം വാസുദേവൻ നമ്പൂതിരിപ്പാട്‌, മഹാകവി ഒളപ്പമണ്ണ, ഒ എം സി നാരായണൻ നമ്പൂതിരിപ്പാട്, ഒ എം ശങ്കരൻ നമ്പൂതിരിപ്പാട്‌, ഒ എം കുഞ്ഞൻ നമ്പൂതിരിപ്പാട്‌ തുടങ്ങിയവർ ഭരണ സാരഥ്യം ഏറ്റെടുത്തിട്ടുള്ള ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത മഹാരഥന്മാർ ആണ്. ഒരു കാലത്ത്‌ ധാരാളം ഭൂസ്വത്തുക്കൾ ക്ഷേത്രത്തിന്‌ ഉണ്ടായിരുന്നു . അതിനാൽ അന്ന് ക്ഷേത്ര നടത്തിപ്പെല്ലാം സുഗമമായി നടന്നിരുന്നു . അക്കാലത്ത്‌ രണ്ട്‌ ആനയും ഈ ക്ഷേത്രത്തിന്റേതായി ഉണ്ടായിരുന്നു. ഭൂമിയും മിച്ചവാരവും എല്ലാം കാലക്രമേണ നഷ്ടമായി, വരുമാനം പൂർണമായി നിലക്കുകയും ചെയ്തു. 1940മുതൽ hr&se വകുപ്പിന്റെ കീഴിൽ പ്രത്യേകം തയ്യാറാക്കിയ സ്കീം പ്രകാരം ക്ഷേത്രത്തിൽ ഭരണം നടക്കുന്നു. ക്ഷേത്രത്തിന്‌ നിലവിൽ 20 ഏക്കർ ഭൂമിയുണ്ട്.
പള്ളിക്കുറുപ്പ്‌ മഹാവിഷ്ണു ക്ഷേത്രത്തിന്‌ ഒരുപാട്‌ കഥകൾ പറയാൻ കഴിയും.ടിപ്പുവിന്റ പടയോട്ട കാലത്ത് ഇവിടെ ഉണ്ടായിരുന്ന നമ്പൂതിരി കുടുംബങ്ങളും, മറ്റുള്ളവരും ഭീതിമൂലം നാടുവിട്ടു പോയി. ഇവർ പോയതോടെ ക്ഷേത്ര കാര്യങ്ങൾ നോക്കാൻ ആളില്ലാത്ത അവസ്ഥയായി. ക്രമേണ ക്ഷേത്രത്തിന്റെ ഉടമാവസ്ഥവകാശം ഇവിടുത്തെ പ്രമുഖ ജന്മി കുടുംബമായ ഒളപ്പമണ്ണ മനക്കാർക്കു ലഭിച്ചു. ഇവിടെ ഉണ്ടായിട്ടുള്ള പള്ളിക്കുറുപ്പ് പട എന്നറിയപ്പെടുന്ന കലാപത്തിന്റെ ഫലമായി ക്ഷേത്ര ബിംബത്തിനു സാരമായി കേടുപാടുകൾ സംഭവിക്കുകയും ഇത് പിന്നീട് പുനർ നിർമ്മിക്കുകയും ചെയ്തു. ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പത്തായ പുരയിൽ കലാപകാരികൾ തമ്പടിച്ചു അക്രമം നടത്തുകയും, ഗൂർക്കാ പട്ടാളം പീരങ്കി പടയുമായി വന്നു ഇവരെ കീഴടങ്ങി. അന്ന് പീരങ്കി പ്രയോഗിച്ച അടയാളം ഇന്നും കാണാം.ഇതിന് ചേല കലാപം എന്നറിയപെടുന്നു. ടിപ്പുവിന്റ പടയോട്ടത്തിന് തെളിവാണ് ഇന്ന് ക്ഷേത്രത്തിന്റ മുൻപിലൂടെ പോകുന്ന ടിപ്പു സുൽത്താൻ റോഡ്. 1921ലെ മാപ്പിള കലാപത്തിലും ക്ഷേത്രത്തിനു കേടുപാടുകൾ വന്നിട്ടുണ്ട്.
 

പള്ളിക്കുറുപ്പ്‌ മഹാവിഷ്ണു ക്ഷേത്രം